പുരോഹിതൻ
എല്ലാം ഒരു ഉൾവിളിയായിരുന്നു.
എല്ലാവരാലും ഉത്തരമായ് കൊണ്ടുനടന്നതും,
എല്ലാം തികയുന്നീ ഉത്തരം മാത്രം,
എല്ലാം ഒരു ഉൾവിളിയായിരുന്നു.
ഒരുവനായ് വീടുവിട്ടനാൾ,
ഒപ്പം ചേർന്നവർ സഹചാരിയായനാൾ,
ഒരു വ്യാഴവട്ടക്കാലം നീളുന്ന പരിശീലനത്തിനൊടുവിൽ,
ഓമനിച്ച യൗവനമെങ്ങോ മറയവേ,
ജീവിതത്തിലുടനീളം പിന്തുടർന്നതോ,
ജീവിത നൈരാശ്യമേകും പരീക്ഷണങ്ങൾ മാത്രം.
ജീവനെ സ്നേഹിക്കാൻ മാത്രമായ്,
ജീവനർപ്പിച്ചവന്ന്റ്റെ മുന്നിൽ എന്നും,
ബലിയായി തീർന്നിടാൻ,
ബാല്യം മുതൽക്കേ ഉള്ളിലൊതുക്കിയ,
ബാലിശമാം സ്വപ്നങ്ങളെല്ലാം,
ബലിവേദിയിൽ പൂർണമാകുമ്പോൾ.
കുരിശിൽ മരിച്ചവനേ നീ കാണുക,
കുറ്റം വിധിക്കപ്പെട്ടവനേ നീ കേൾക്കുക,
കരളുരുകുമീ യാതനയാണെൻ,
കഥനക്കണ്ണീർകയത്തിൽ സ്വന്തം.
ഏകനായ്, തിരസ്കൃതനായ് എന്നും,
ഏറെ പരിത്യക്തനായ് നിൽപ്പൂ ഞാൻ,
ഏകാന്തത നിറയുമീ ജീവിതത്തിൽ,
ഏകാശ്രയം നീ മാത്രമേശുവെ.
ഒടുവിൽ പരാതികളൊന്നുമില്ലാതെ,
ഒരു മൂകസാക്ഷിയായ് മടങ്ങീടുവാൻ,
ഒരുക്കേണമേ എൻ തമ്പുരാനെ,
ഒന്നിത് മാത്രമാണെൻ പ്രാർത്ഥന യേശുവേ.
അതാണ് ഒരു പുരോഹിതൻ.
അർഹിച്ചിട്ടും ആരോരുമില്ലാതെ,
അതാ നിശബ്ദമായ് മടങ്ങീടുന്നവൻ.
അതേ, നിനക്കായ് എരിഞ്ഞടങ്ങിയൊരു ജീവിതം മാത്രമായ് .
എത്രമഹത്തരമീ ജീവിതം പുരോഹിതാ.
Comments
Post a Comment